1 രാജാക്കന്മാർ - 14 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

1 രാജാക്കന്മാർ 14:1

ആ കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് ദീനം പിടിച്ചു കിടപ്പിലായി.

1 രാജാക്കന്മാർ 14:2

യൊരോബെയാം തന്റെ ഭാര്യയോട്: നീ യൊരോബെയാമിന്റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷം മാറി ശീലോവിലേക്കു പോകേണം; ഈ ജനത്തിനു ഞാൻ രാജാവാകും എന്ന് എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.

1 രാജാക്കന്മാർ 14:3

നിന്റെ കൈയിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്ന് അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 14:4

യൊരോബെയാമിന്റെ ഭാര്യ അങ്ങനെതന്നെ ചെയ്തു; അവൾ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാർധക്യം നിമിത്തം കണ്ണു മങ്ങിയിരുന്നതുകൊണ്ടു കാൺമാൻ വഹിയാതെയിരുന്നു.

1 രാജാക്കന്മാർ 14:5

എന്നാൽ യഹോവ അഹീയാവോട്: യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തുവരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്ന് അരുളിച്ചെയ്തു.

1 രാജാക്കന്മാർ 14:6

അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹീയാവ് കേട്ടിട്ട് പറഞ്ഞതെന്തെന്നാൽ: യൊരോബെയാമിന്റെ ഭാര്യയേ, അകത്തുവരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നത് എന്തിന്? കഠിനവർത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ട്.

1 രാജാക്കന്മാർ 14:7

നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടുന്നത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയർത്തി, എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.

1 രാജാക്കന്മാർ 14:8

രാജത്വം ദാവീദുഗൃഹത്തിൽനിന്നു കീറിയെടുത്ത് നിനക്കുതന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാൻ പൂർണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ

1 രാജാക്കന്മാർ 14:9

നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു ചെന്ന് നിനക്ക് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.

1 രാജാക്കന്മാർ 14:10

അതുകൊണ്ട് ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന് അനർഥം വരുത്തി യൊരോബെയാമിനുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെയൊക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും, കാഷ്ഠം കോരിക്കളയുന്നതുപോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.

1 രാജാക്കന്മാർ 14:11

യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.

1 രാജാക്കന്മാർ 14:12

ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.

1 രാജാക്കന്മാർ 14:13

യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്റെ ഗൃഹത്തിൽവച്ച് അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.

1 രാജാക്കന്മാർ 14:14

യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾത്തന്നെ എന്ത്?

1 രാജാക്കന്മാർ 14:15

യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാർക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.

1 രാജാക്കന്മാർ 14:16

പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപം നിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.

1 രാജാക്കന്മാർ 14:17

എന്നാറെ യൊരോബെയാമിന്റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ട് തിർസ്സായിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു.

1 രാജാക്കന്മാർ 14:18

യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.

1 രാജാക്കന്മാർ 14:19

യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്റെ മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 14:20

യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു സംവത്സരം ആയിരുന്നു; അവൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ നാദാബ് അവനു പകരം രാജാവായി.

1 രാജാക്കന്മാർ 14:21

ശലോമോന്റെ മകനായ രെഹബെയാം യെഹൂദായിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവനു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ.

1 രാജാക്കന്മാർ 14:22

യെഹൂദാ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവർ ചെയ്ത പാപങ്ങൾകൊണ്ട് അവരുടെ പിതാക്കന്മാർ ചെയ്തതിനെക്കാൾ അധികം അവനെ ക്രുദ്ധിപ്പിച്ചു.

1 രാജാക്കന്മാർ 14:23

എങ്ങനെയെന്നാൽ അവർ ഉയർന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിൻകീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.

1 രാജാക്കന്മാർ 14:24

പുരുഷമൈഥുനക്കാരും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകല മ്ലേച്ഛതകളും അവർ അനുകരിച്ചു.

1 രാജാക്കന്മാർ 14:25

എന്നാൽ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരേ വന്നു,

1 രാജാക്കന്മാർ 14:26

യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും എല്ലാം കവർന്നു; അവൻ ആസകലം കവർന്നു; ശലോമോൻ ഉണ്ടാക്കിയ പൊൻപരിചകളും എടുത്തു കൊണ്ടുപോയി.

1 രാജാക്കന്മാർ 14:27

ഇവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു.

1 രാജാക്കന്മാർ 14:28

രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോൾ അകമ്പടികൾ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വയ്ക്കുകയും ചെയ്യും.

1 രാജാക്കന്മാർ 14:29

രെഹബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

1 രാജാക്കന്മാർ 14:30

രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.

1 രാജാക്കന്മാർ 14:31

രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മയ്ക്കു നയമാ എന്നു പേർ. അവന്റെ മകനായ അബീയാം അവനു പകരം രാജാവായി.