ആകയാൽ പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ.
ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചതുപോലെ സ്നേഹത്തിൽ നടപ്പിൻ.
ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുത്;
അങ്ങനെ ആകുന്നു വിശുദ്ധന്മാർക്ക് ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്ക് ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.
ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശം ഇല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
വ്യർഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു.
നിങ്ങൾ അവരുടെ കൂട്ടാളികൾ ആകരുത്.
മുമ്പേ നിങ്ങൾ ഇരുളായിരുന്നു; ഇപ്പോഴോ കർത്താവിൽ വെളിച്ചം ആകുന്നു.
കർത്താവിനു പ്രസാദമായത് എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊൾവിൻ.
സകല സൽഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്റെ ഫലം.
ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളിൽ കൂട്ടാളികൾ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്.
അവർ ഗൂഢമായി ചെയ്യുന്നതു പറവാൻപോലും ലജ്ജയാകുന്നു.
അവയെ ശാസിക്കുമ്പോഴോ സകലത്തെയുംകുറിച്ചു വെളിച്ചത്താൽ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.
അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേല്ക്ക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും” എന്നു ചൊല്ലുന്നു.
ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.
ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.
ബുദ്ധിഹീനരാകാതെ കർത്താവിന്റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊൾവിൻ.
വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി
സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ.
ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.
ഭാര്യമാരേ, കർത്താവിന് എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭയ്ക്കു തലയാകുന്നതുപോലെ ഭർത്താവ് ഭാര്യക്കു തലയാകുന്നു.
എന്നാൽ സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭർത്താക്കന്മാർക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.
ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ.
അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും
കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുൻനിറുത്തേണ്ടതിനും തന്നെത്താൻ അവൾക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.
അവ്വണ്ണം ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ തന്നെത്താൻ സ്നേഹിക്കുന്നു.
ആരും തന്റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലർത്തുകയത്രേ ചെയ്യുന്നത്.
നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളല്ലോ.
അതുനിമിത്തം ഒരു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.
ഈ മർമം വലിയത്; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.
എന്നാൽ നിങ്ങളും അങ്ങനെതന്നെ ഓരോരുത്തൻ താന്താന്റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഭാര്യയോ ഭർത്താവിനെ ഭയപ്പെടേണ്ടതാകുന്നു.