എഫെസ്യർ - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 22 വരെ

എഫെസ്യർ 2:1

അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.

എഫെസ്യർ 2:2

അവയിൽ നിങ്ങൾ മുമ്പേ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു.

എഫെസ്യർ 2:3

അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിനും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.

എഫെസ്യർ 2:4

കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം

എഫെസ്യർ 2:5

അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും -കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു-

എഫെസ്യർ 2:6

ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്

എഫെസ്യർ 2:7

ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗത്തിൽ ഇരുത്തുകയും ചെയ്തു.

എഫെസ്യർ 2:8

കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.

എഫെസ്യർ 2:9

ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.

എഫെസ്യർ 2:10

നാം അവന്റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.

എഫെസ്യർ 2:11

ആകയാൽ നിങ്ങൾ മുമ്പേ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കൈയാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;

എഫെസ്യർ 2:12

അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓർത്തുകൊൾവിൻ.

എഫെസ്യർ 2:13

മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.

എഫെസ്യർ 2:14

അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞത്,

എഫെസ്യർ 2:15

സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും,

എഫെസ്യർ 2:16

ക്രൂശിന്മേൽവച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നെ.

എഫെസ്യർ 2:17

അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു.

എഫെസ്യർ 2:18

അവൻ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.

എഫെസ്യർ 2:19

ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.

എഫെസ്യർ 2:20

ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.

എഫെസ്യർ 2:21

അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.

എഫെസ്യർ 2:22

അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന് ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.