ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവർക്ക് എഴുതുന്നത്:
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വർഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം,
ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കുവേണ്ടി പ്രാർഥിക്കയിൽ,
എപ്പോഴും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.
ആ സുവിശേഷം സർവലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാർഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സർവലോകത്തിലും ഫലം കായിച്ചും വർധിച്ചും വരുന്നു.
ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;
അവൻ നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്ക് ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.
അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾമുതൽ നിങ്ങൾക്കുവേണ്ടി ഇടവിടാതെ പ്രാർഥിക്കുന്നു.
നിങ്ങൾ പൂർണപ്രസാദത്തിനായി കർത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും
സകല സഹിഷ്ണുതയ്ക്കും ദീർഘക്ഷമയ്ക്കുമായി അവന്റെ മഹത്ത്വത്തിന്റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂർണശക്തിയോടെ ബലപ്പെടേണമെന്നും
വിശുദ്ധന്മാർക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും
നമ്മെ ഇരുട്ടിന്റെ അധികാരത്തിൽനിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.
അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
സ്വർഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവൻ സർവത്തിനും മുമ്പേയുള്ളവൻ; അവൻ സകലത്തിനും ആധാരമായിരിക്കുന്നു.
അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന് അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
അവനിൽ സർവസമ്പൂർണതയും വസിപ്പാനും
അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി.
മുമ്പേ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ട് അകന്നവരും ശത്രുക്കളുമായിരുന്ന
നിങ്ങളെ അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
ആകാശത്തിൻകീഴെ സകല സൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൗലൊസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീർന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.
ഇപ്പോൾ ഞാൻ നിങ്ങൾക്കുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളത് എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിനുവേണ്ടി പൂരിപ്പിക്കുന്നു.
നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവർത്തിക്കേണ്ടതിനു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
അതു പൂർവകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു.
അവരോടു ജാതികളുടെ ഇടയിൽ ഈ മർമത്തിന്റെ മഹിമാധനം എന്തെന്ന് അറിയിപ്പാൻ ദൈവത്തിന് ഇഷ്ടമായി; ആ മർമം മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതുതന്നെ.
അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു.
അതിനായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അധ്വാനിക്കുന്നു.