മലാഖി - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 18 വരെ

മലാഖി 3:1

എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാൻ എന്റെ ദൂതനെ അയയ്ക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:2

എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.

മലാഖി 3:3

അവൻ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിർമ്മലീകരിക്കും; അങ്ങനെ അവർ നീതിയിൽ യഹോവയ്ക്കു വഴിപാട് അർപ്പിക്കും.

മലാഖി 3:4

അന്ന് യെഹൂദായുടെയും യെരൂശലേമിന്റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും.

മലാഖി 3:5

ഞാൻ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാൻ ക്ഷുദ്രക്കാർക്കും വ്യഭിചാരികൾക്കും കള്ളസ്സത്യം ചെയ്യുന്നവർക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവർക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവർക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:6

യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു.

മലാഖി 3:7

നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങൾ എന്റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ മടങ്ങിവരേണ്ടൂ എന്നു ചോദിക്കുന്നു.

മലാഖി 3:8

മനുഷ്യനു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങൾ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങൾ: ഏതിൽ ഞങ്ങൾ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ.

മലാഖി 3:9

നിങ്ങൾ, ഈ ജാതി മുഴുവനും തന്നെ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങൾ ശാപഗ്രസ്തരാകുന്നു.

മലാഖി 3:10

എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:11

ഞാൻ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചുകളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:12

നിങ്ങൾ മനോഹരമായൊരു ദേശം ആയിരിക്കയാൽ സകല ജാതികളും നിങ്ങളെ ഭാഗ്യവാന്മാർ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 3:13

നിങ്ങളുടെ വാക്കുകൾ എന്റെ നേരേ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങൾ: ഞങ്ങൾ നിന്റെ നേരേ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.

മലാഖി 3:14

യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നതു വ്യർഥം; ഞങ്ങൾ അവന്റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളൂ?

മലാഖി 3:15

ആകയാൽ ഞങ്ങൾ അഹങ്കാരികളെ ഭാഗ്യവാന്മാർ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാർ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവർ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങൾ പറയുന്നു.

മലാഖി 3:16

യഹോവാഭക്തന്മാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കുംവേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു.

മലാഖി 3:17

ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യൻ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാൻ അവരെ ആദരിക്കും.

മലാഖി 3:18

അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും കാണും.