ഗലാത്യർ - 5 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 26 വരെ

ഗലാത്യർ 5:1

സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.

ഗലാത്യർ 5:2

നിങ്ങൾ പരിച്ഛേദന ഏറ്റാൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്ക് ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാൻ നിങ്ങളോടു പറയുന്നു.

ഗലാത്യർ 5:3

പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവൻ ന്യായപ്രമാണം മുഴുവനും നിവർത്തിപ്പാൻ കടപ്പെട്ടിരിക്കുന്നു എന്നു ഞാൻ പിന്നെയും സാക്ഷീകരിക്കുന്നു.

ഗലാത്യർ 5:4

ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേർപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി.

ഗലാത്യർ 5:5

ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു.

ഗലാത്യർ 5:6

ക്രിസ്തുയേശുവിൽ പരിച്ഛേദനയല്ല അഗ്രചർമവുമല്ല; സ്നേഹത്താൽ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.

ഗലാത്യർ 5:7

നിങ്ങൾ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാൻ നിങ്ങളെ ആർ തടുത്തുകളഞ്ഞു?

ഗലാത്യർ 5:8

ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.

ഗലാത്യർ 5:9

അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.

ഗലാത്യർ 5:10

നിങ്ങൾക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാൻ കർത്താവിൽ ഉറച്ചിരിക്കുന്നു, എന്നാൽ നിങ്ങളെ കലക്കുന്നവൻ ആരായാലും ശിക്ഷാവിധി ചുമക്കും.

ഗലാത്യർ 5:11

ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികിൽ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കിൽ ക്രൂശിന്റെ ഇടർച്ച നീങ്ങിപ്പോയല്ലോ.

ഗലാത്യർ 5:12

നിങ്ങളെ കലഹിപ്പിക്കുന്നവർ അംഗച്ഛേദം ചെയ്തുകൊണ്ടാൽ കൊള്ളായിരുന്നു.

ഗലാത്യർ 5:13

സഹോദരന്മാരേ, നിങ്ങൾ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താൽ അന്യോന്യം സേവിപ്പിൻ.

ഗലാത്യർ 5:14

കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തിൽ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.

ഗലാത്യർ 5:15

നിങ്ങൾ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാൽ ഒരുവൻ ഒടുങ്ങിപ്പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.

ഗലാത്യർ 5:16

ആത്മാവിനെ അനുസരിച്ചു നടപ്പിൻ; എന്നാൽ നിങ്ങൾ ജഡത്തിന്റെ മോഹം നിവർത്തിക്കയില്ല എന്നു ഞാൻ പറയുന്നു.

ഗലാത്യർ 5:17

ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു; നിങ്ങൾ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മിൽ പ്രതികൂലമല്ലോ.

ഗലാത്യർ 5:18

ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിൻ കീഴുള്ളവരല്ല.

ഗലാത്യർ 5:19

ജഡത്തിന്റെ പ്രവൃത്തികളോ ദുർന്നടപ്പ്, അശുദ്ധി,

ഗലാത്യർ 5:20

ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,

ഗലാത്യർ 5:21

ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.

ഗലാത്യർ 5:22

ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത,

ഗലാത്യർ 5:23

സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.

ഗലാത്യർ 5:24

ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.

ഗലാത്യർ 5:25

ആത്മാവിനാൽ നാം ജീവിക്കുന്നു എങ്കിൽ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.

ഗലാത്യർ 5:26

നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികൾ ആകരുത്.