2 തിമൊഥെയൊസ് - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 17 വരെ

2 തിമൊഥെയൊസ് 3:1

അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക.

2 തിമൊഥെയൊസ് 3:2

മനുഷ്യർ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും

2 തിമൊഥെയൊസ് 3:3

വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സൽഗുണദ്വേഷികളും

2 തിമൊഥെയൊസ് 3:4

ദ്രോഹികളും ധാർഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ

2 തിമൊഥെയൊസ് 3:5

ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.

2 തിമൊഥെയൊസ് 3:6

വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാമോഹങ്ങൾക്കും അധീനരായി

2 തിമൊഥെയൊസ് 3:7

എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;

2 തിമൊഥെയൊസ് 3:8

യന്നേസും യംബ്രേസും മോശെയോട് എതിർത്തുനിന്നതുപോലെതന്നെ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുർബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.

2 തിമൊഥെയൊസ് 3:9

അവർ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എല്ലാവർക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.

2 തിമൊഥെയൊസ് 3:10

നീയോ എന്റെ ഉപദേശം, നടപ്പ്, ഉദ്ദേശ്യം,വിശ്വാസം, ദീർഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും

2 തിമൊഥെയൊസ് 3:11

അന്ത്യൊക്യയിലും ഇക്കൊന്യയിലും ലുസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽനിന്നും കർത്താവ് എന്നെ വിടുവിച്ചു.

2 തിമൊഥെയൊസ് 3:12

എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്ക് എല്ലാം ഉപദ്രവം ഉണ്ടാകും.

2 തിമൊഥെയൊസ് 3:13

ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവരും.

2 തിമൊഥെയൊസ് 3:14

നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതുകൊണ്ട്

2 തിമൊഥെയൊസ് 3:15

നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്ക.

2 തിമൊഥെയൊസ് 3:16

എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്

2 തിമൊഥെയൊസ് 3:17

ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു.