1 തിമൊഥെയൊസ് - 2 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 15 വരെ

1 തിമൊഥെയൊസ് 2:1

എന്നാൽ സകല മനുഷ്യർക്കും നാം സർവഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു

1 തിമൊഥെയൊസ് 2:2

വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കുംവേണ്ടി യാചനയും പ്രാർഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു.

1 തിമൊഥെയൊസ് 2:3

അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയിൽ നല്ലതും പ്രസാദകരവും ആകുന്നു.

1 തിമൊഥെയൊസ് 2:4

അവൻ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.

1 തിമൊഥെയൊസ് 2:5

ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഒരുവൻ:

1 തിമൊഥെയൊസ് 2:6

എല്ലാവർക്കുംവേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.

1 തിമൊഥെയൊസ് 2:7

തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി-ഭോഷ്കല്ല, പരമാർഥംതന്നെ പറയുന്നു- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.

1 തിമൊഥെയൊസ് 2:8

ആകയാൽ പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധ കൈകളെ ഉയർത്തി പ്രാർഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു.

1 തിമൊഥെയൊസ് 2:9

അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.

1 തിമൊഥെയൊസ് 2:10

പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്ക് ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.

1 തിമൊഥെയൊസ് 2:11

സ്ത്രീ മൗനമായിരുന്നു പൂർണാനുസരണത്തോടുംകൂടെ പഠിക്കട്ടെ.

1 തിമൊഥെയൊസ് 2:12

മൗനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.

1 തിമൊഥെയൊസ് 2:13

ആദാം ആദ്യം നിർമ്മിക്കപ്പെട്ടു,

1 തിമൊഥെയൊസ് 2:14

പിന്നെ ഹവ്വാ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തിൽ അകപ്പെട്ടത്.

1 തിമൊഥെയൊസ് 2:15

എന്നാൽ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാർക്കുന്നു എങ്കിൽ അവൾ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും.