1 യോഹന്നാൻ - 3 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 24 വരെ

1 യോഹന്നാൻ 3:1

കാൺമിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെതന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല

1 യോഹന്നാൻ 3:2

പ്രിയമുള്ളവരേ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവൻ പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു.

1 യോഹന്നാൻ 3:3

അവനിൽ ഈ പ്രത്യാശയുള്ളവൻ എല്ലാം അവൻ നിർമ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു.

1 യോഹന്നാൻ 3:4

പാപം ചെയ്യുന്നവൻ എല്ലാം അധർമവും ചെയ്യുന്നു; പാപം അധർമം തന്നെ.

1 യോഹന്നാൻ 3:5

പാപങ്ങളെ നീക്കുവാൻ അവൻ പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു; അവനിൽ പാപം ഇല്ല.

1 യോഹന്നാൻ 3:6

അവനിൽ വസിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല, പാപം ചെയ്യുന്നവൻ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.

1 യോഹന്നാൻ 3:7

കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുത്; അവൻ നീതിമാൻ ആയിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു.

1 യോഹന്നാൻ 3:8

പാപം ചെയ്യുന്നവൻ പിശാചിന്റെ മകൻ ആകുന്നു. പിശാച് ആദിമുതൽ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാൻതന്നെ ദൈവപുത്രൻ പ്രത്യക്ഷനായി.

1 യോഹന്നാൻ 3:9

ദൈവത്തിൽനിന്നു ജനിച്ചവൻ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്ത് അവനിൽ വസിക്കുന്നു; ദൈവത്തിൽനിന്നു ജനിച്ചതിനാൽ അവനു പാപം ചെയ്‍വാൻ കഴികയുമില്ല.

1 യോഹന്നാൻ 3:10

ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല.

1 യോഹന്നാൻ 3:11

നിങ്ങൾ ആദിമുതൽ കേട്ടദൂത്: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.

1 യോഹന്നാൻ 3:12

കയീൻ ദുഷ്ടനിൽ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്ത്? തന്റെ പ്രവൃത്തി ദോഷവും സഹോദരൻറേതു നീതിയുമുള്ളതാകകൊണ്ടത്രേ.

1 യോഹന്നാൻ 3:13

സഹോദരന്മാരേ, ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ ആശ്ചര്യപ്പെടരുത്.

1 യോഹന്നാൻ 3:14

നാം മരണം വിട്ടു ജീവനിൽ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാൽ നമുക്ക് അറിയാം. സ്നേഹിക്കാത്തവൻ മരണത്തിൽ വസിക്കുന്നു.

1 യോഹന്നാൻ 3:15

സഹോദരനെ പകയ്ക്കുന്നവൻ എല്ലാം കൊലപാതകൻ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവൻ ഉള്ളിൽ വസിച്ചിരിപ്പില്ല എന്നു നിങ്ങൾ അറിയുന്നു.

1 യോഹന്നാൻ 3:16

അവൻ നമുക്കുവേണ്ടി തന്റെ പ്രാണനെ വച്ചുകൊടുത്തതിനാൽ നാം സ്നേഹം എന്തു എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാർക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു.

1 യോഹന്നാൻ 3:17

എന്നാൽ ഈ ലോകത്തിലെ വസ്തുവക ഉള്ളവൻ ആരെങ്കിലും തന്റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ട് അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?

1 യോഹന്നാൻ 3:18

കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.

1 യോഹന്നാൻ 3:19

നാം സത്യത്തിന്റെ പക്ഷത്തു നില്ക്കുന്നവർ എന്ന് ഇതിനാൽ അറിയും;

1 യോഹന്നാൻ 3:20

ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കിൽ ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയിൽ ഉറപ്പിക്കാം.

1 യോഹന്നാൻ 3:21

പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ നമുക്കു ദൈവത്തോടു പ്രാഗല്ഭ്യം ഉണ്ട്.

1 യോഹന്നാൻ 3:22

അവന്റെ കല്പനകളെ നാം പ്രമാണിച്ച് അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് എന്തു യാചിച്ചാലും അവങ്കൽനിന്നു ലഭിക്കും.

1 യോഹന്നാൻ 3:23

അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കയും അവൻ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നെ.

1 യോഹന്നാൻ 3:24

അവന്റെ കല്പനകളെ പ്രമാണിക്കുന്നവൻ അവനിലും അവൻ ഇവനിലും വസിക്കുന്നു. അവൻ നമ്മിൽ വസിക്കുന്നു എന്ന് അവൻ നമുക്കു തന്ന ആത്മാവിനാൽ നാം അറിയുന്നു.