നഹൂം - 1 -ാം അധ്യായം

123

വാക്യങ്ങൾ 1 നിന്ന് 15 വരെ

നഹൂം 1:1

നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്ക്കോശ്യനായ നഹൂമിന്റെ ദർശനപുസ്തകം.

നഹൂം 1:2

ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂർണനുമാകുന്നു; യഹോവ തന്റെ വൈരികളോടു പ്രതികാരം ചെയ്കയും തന്റെ ശത്രുക്കൾക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.

നഹൂം 1:3

യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവന്റെ കാല്ക്കീഴിലെ പൊടിയാകുന്നു.

നഹൂം 1:4

അവൻ സമുദ്രത്തെ ഭർത്സിച്ചു വറ്റിക്കയും സകല നദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കർമ്മേലും വരളുന്നു; ലെബാനോന്റെ പുഷ്പം വാടിപ്പോകുന്നു.

നഹൂം 1:5

അവന്റെ മുമ്പിൽ പർവതങ്ങൾ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു; അവന്റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകല നിവാസികളും തന്നെ.

നഹൂം 1:6

അവന്റെ ക്രോധത്തിൻമുമ്പിൽ ആർ നില്ക്കും? അവന്റെ ഉഗ്രകോപത്തിങ്കൽ ആർ നിവിർന്നു നില്ക്കും? അവന്റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകൾ അവനാൽ പിളർന്നുപോകുന്നു.

നഹൂം 1:7

യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു.

നഹൂം 1:8

എന്നാൽ കവിഞ്ഞൊഴുകുന്നൊരു പ്രവാഹംകൊണ്ട് അവൻ അതിന്റെ സ്ഥലത്തിനു മുടിവു വരുത്തും; തന്റെ ശത്രുക്കളെ അവൻ അന്ധകാരത്തിൽ പിന്തുടരുന്നു.

നഹൂം 1:9

നിങ്ങൾ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവൻ മുടിവു വരുത്തും; കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരികയില്ല.

നഹൂം 1:10

അവർ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവർ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്ക് ഇരയായിത്തീരും.

നഹൂം 1:11

യഹോവയ്ക്ക് വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവൻ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.

നഹൂം 1:12

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ പൂർണശക്തന്മാരും അവ്വണ്ണം തന്നെ അനേകരും ആയിരുന്നാലും അവർ അങ്ങനെതന്നെ ഛേദിക്കപ്പെടുകയും അവൻ കഴിഞ്ഞുപോകയും ചെയ്യും. ഞാൻ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.

നഹൂം 1:13

ഇപ്പോഴോ ഞാൻ അവന്റെ നുകം നിന്റെമേൽനിന്ന് ഒടിച്ചുകളകയും നിന്റെ ബന്ധനങ്ങൾ അറുത്തുകളകയും ചെയ്യും.

നഹൂം 1:14

എന്നാൽ യഹോവ നിന്നെക്കുറിച്ച്: നിന്റെ പേരുള്ള സന്തതി ഇനി ഒട്ട് ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാർത്തുണ്ടാക്കിയ ബിംബത്തെയും നിന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്നു ഞാൻ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാൻ നിന്റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.

നഹൂം 1:15

ഇതാ, പർവതങ്ങളിന്മേൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാൽ; യെഹൂദായേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേർച്ചകളെ കഴിക്ക; നിസ്സാരൻ ഇനി നിന്നിൽക്കൂടി കടക്കയില്ല; അവൻ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.