ഉൽപത്തി - 1 -ാം അധ്യായം

വാക്യങ്ങൾ 1 നിന്ന് 31 വരെ

ഉൽപത്തി 1:1

ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.

ഉൽപത്തി 1:2

ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു.

ഉൽപത്തി 1:3

വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.

ഉൽപത്തി 1:4

വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു.

ഉൽപത്തി 1:5

ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.

ഉൽപത്തി 1:6

ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു.

ഉൽപത്തി 1:7

വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിൻകീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി 1:8

ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.

ഉൽപത്തി 1:9

ദൈവം: ആകാശത്തിൻകീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി 1:10

ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു.

ഉൽപത്തി 1:11

ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി 1:12

ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.

ഉൽപത്തി 1:13

സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.

ഉൽപത്തി 1:14

പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;

ഉൽപത്തി 1:15

ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി 1:16

പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.

ഉൽപത്തി 1:17

ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി

ഉൽപത്തി 1:18

ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലത് എന്നു ദൈവം കണ്ടു.

ഉൽപത്തി 1:19

സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.

ഉൽപത്തി 1:20

വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.

ഉൽപത്തി 1:21

ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.

ഉൽപത്തി 1:22

നിങ്ങൾ വർധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.

ഉൽപത്തി 1:23

സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.

ഉൽപത്തി 1:24

അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി 1:25

ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.

ഉൽപത്തി 1:26

അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.

ഉൽപത്തി 1:27

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.

ഉൽപത്തി 1:28

ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിൻ എന്ന് അവരോടു കല്പിച്ചു.

ഉൽപത്തി 1:29

ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കട്ടെ;

ഉൽപത്തി 1:30

ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യമൊക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.

ഉൽപത്തി 1:31

താൻ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.